ചങ്ങലയിൽ ബന്ധിക്കപ്പെട്ട യൗവനം ജീവിതത്തിലേക്ക്...
ആംബുലൻസിന്റെ ശബ്ദം ദൂരെ നിന്ന് കേട്ടപ്പോൾ പതിവുപോലെ മനസ്സിൽ ആഗ്രഹിച്ചു; ഈ ജീവനും രക്ഷപ്പെടണമേ.. ശബ്ദം കൂടി കൂടി വരികയും ആംബുലൻസ് മുറ്റത്തു എത്തി നിൽക്കുകയും ചെയ്തു. ഓടി ഇറങ്ങി ആംബുലൻസിന് മുന്നിലെത്തിയപ്പോൾ അതിൽ നിന്നും ഒരാൾ ഇറങ്ങി കൈകൂപ്പിക്കൊണ്ട് പറഞ്ഞു "രക്ഷിക്കണേ..." സത്യത്തിൽ ഞാൻ കരുതിയത് മറ്റെന്തോ അത്യാഹിതം സംഭവിച്ചു വന്നതാണെന്നാണ്. ആംബുലൻസിന് പുറകിൽ പോയി ഡോർ തുറന്നു നോക്കിയപ്പോൾ സ്ട്രെക്ചറിൽ കണ്ടത് കൈകാലുകൾ ബന്ധിച്ച് മൂത്രത്തിൽ കുളിച്ചുകിടക്കുന്ന യുവാവിനെയാണ്. കൂടെയുള്ള അവന്റെ അച്ഛൻ കാര്യങ്ങൾ വിശദീകരിച്ചു തുടങ്ങി. ഇടയ്ക്കിടയ്ക്ക് അക്രമാസക്തനാവുന്ന യുവാവിനെ രണ്ടര വർഷത്തോളം മുറിയിൽ അടച്ചിട്ടിരിക്കുകയായിരുന്നു. ഒരുദിവസം വല്ലാതെ ബഹളം വയ്ക്കുകയും കൂടുതൽ അക്രമാസക്തനാവു കയും ചെയ്തതിനാൽ അയൽവാസികളെല്ലാം ചേർന്ന് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലും പിന്നീട് അവിടുന്ന് തിരൂർ വെട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലേക്കും കൊണ്ടുപോയി. അവിടെനിന്നും 14 ദിവസത്തെ ചികിത്സയ്ക്ക് ശേഷം യാതൊരു കുറവും വരാത്തതിനാൽ ആരോ പറഞ്ഞതനുസരിച്ചാണ് എന്റെ അടുത്തേക്ക് കൊണ്ടുവന്നത്. ജോൺസൺ ഐരൂർ സാറിൽ നിന്നു സ്വായത്തമാക്കിയ പ്രത്യേകപരിശീലനം വഴി അക്രമാസക്തനായ ഈ യുവാവിനെ ഒതുക്കി നിർത്തുകയും ആ സമയം അവന്റെ അമ്മയ്ക്ക് അവനെ വൃത്തിയാക്കാൻ സാധിക്കുകയും ചെയ്തു.
വിശദമായ പരിശോധനയിൽ യുവാവിനെ നേർവഴിയിലേക്ക് കൊണ്ടുവരാൻ പറ്റും എന്ന് ബോധ്യപ്പെട്ടു. എങ്കിലും കൂടെയുള്ളവർക്ക് കാര്യമായ ഉറപ്പൊന്നും കൊടുത്തില്ല. കൃത്യമായ നിരീക്ഷണത്തിലൂടെ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോവേണ്ടതിനാൽ ക്ലിനിക്കിന് അടുത്തുള്ള മറ്റൊരു കോട്ടേഴ്‌സിൽ കിടത്തി. കൃത്യമായ നിരീക്ഷണങ്ങളിലൂടെടും ചികിത്സയിലൂടെയും യുവാവിനെ നേർവഴിയിലേക്ക് കൊണ്ടുവരാൻ സാധിച്ചു. മൂന്നാമത്തെ ദിവസം അവന്റെ കേട്ടുകളെല്ലാം അഴിച്ചു. "നമുക്കൊന്ന് നടക്കാനിറങ്ങിയാലോ..? " കെട്ടുകളഴിച്ച സന്തോഷത്തിൽ അവനെന്നോട് ചോദിച്ചു. വിശാലമായ വയൽ വരമ്പിലൂടെ വിളഞ്ഞു നിൽക്കുന്ന നെൽക്കതിരിന്റെ നറു മണമുള്ള മന്ദമാരുതനേറ്റ് അവൻ പാറിപ്പറക്കുകയായിരുന്നു... വർഷങ്ങളോളം കൂട്ടിലടക്കപ്പെട്ട് സ്വതന്ത്രമാക്കപ്പെട്ട പറവയെപ്പോലെ....
ഞങ്ങൾ നടക്കുന്നതിനിടയിൽ വളരെ നോർമലായി കാര്യഗൗരവത്തോടെ ഞാനുമായി ഏറെ നേരം സംസാരിച്ചു. സംസാരത്തിൽ അവനെ മുറിയിൽ തളക്കപ്പെട്ട ദിവസങ്ങളെ കുറിച്ചും അനുഭവങ്ങളെ കുറിച്ചും സംസാരിച്ചു. അവസാനം എന്നോട് ചോദിച്ചു "സർ ഇതെവിടുന്നാണ് പഠിച്ചത്?" ജോൺസൻ ഐരൂർ സർ നെ കുറിച്ച് ഞാനവന് പറഞ്ഞു കൊടുത്തു... എല്ലാം കേട്ട ശേഷം ചോദിച്ചു "എനിക്കു അദ്ദേഹവുമായി സംസാരിക്കാൻ പറ്റുമോ?" "അതെ.." എന്ന് പറഞ്ഞു കൊണ്ടു ഞാൻ ഫോണിൽ ജോൺസൻ സർ നെ വിളിച്ചു കാര്യങ്ങൾ സൂചിപ്പിച്ച ശേഷം ഫോൺ അവനു കൊടുത്തു. അവർ സംസാരിക്കാൻ തുടങ്ങി. ഈ യുവാവ് എത്രമാത്രം നോർമൽ ആയിട്ടുണ്ട് എന്ന പരിശോധന ആണ് ജോൺസൻ സർ നടത്തുന്നത് എന്ന് അവൻ കൊടുക്കുന്ന മറുപടിയിൽ നിന്നും മനസിലായി... ജോൺസൻ സർ ഫോൺ എന്റെ അടുത്ത് തരാൻ പറഞ്ഞു.. ഫോൺ ചെവിയിൽ വെച്ച എന്നെ "ആ... റഹീമേ..." എന്ന് സ്നേഹത്തോടെ വിളിച്ചു.. പിന്നെ സർ ഒന്നും മിണ്ടിയില്ല. സർ ഫോൺ കട്ട് ചെയ്തെന്നു എനിക്കു മനസിലായി.. പ്രിയ ശിഷ്യൻ ഒരു വലിയ ദൗത്യം വിജയകരമായി പൂർത്തിയാക്കിയതിലുള്ള സർ ന്റെ ആനന്ദക്കണ്ണീർ ഞാനും അറിയുകയായിരുന്നു.....