പ്രേമക്കെണിയിൽ നിന്നും രക്ഷപ്പെടുത്തിയ പെൺകുട്ടിയുടെ കല്യാണം ഇന്നാണ്...
ഇന്നു അവളുടെ കല്യാണമാണ്. അവളുടെ രക്ഷിതാക്കളെ പോലെ തന്നെ ഞാനും അതിൽ അതിയായി സന്തോഷിക്കുന്നു. അവളുടെ കല്യാണം ഈ രീതിയിൽ നടന്നു കാണാൻ ഏറെ ഞാനും ആഗ്രഹിച്ചിരുന്നു; അതിനുവേണ്ടി ഒരുപാട് ത്യാഗവും സഹിക്കേണ്ടിവന്നു. ഒന്നര വർഷം മുമ്പ് കരഞ്ഞുകലങ്ങിയ കണ്ണുമായി അവളുടെ ജേഷ്ഠത്തിയും ഉമ്മയും എന്നെ കാണാൻ വന്നു. വലിയ ഒരു അസുഖത്തിൽ നിന്നും രക്ഷ പെട്ടെങ്കിലും അതിന്റെ ക്ഷീണം ഉമ്മയിൽ വലിയ തോതിൽ ഉണ്ടായിരുന്നു. മുൻപ് മകനെയും കൊണ്ട് എന്റെ അടുത്തുവന്ന ജേഷ്ഠത്തി പറഞ്ഞിരുന്നു ഈ അനുജത്തിയെ കുറിച്ച്; അവളുടെ പഠിക്കാനുള്ള കഴിവിനെ കുറിച്ചു; നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന എംബിഎ യെ കുറിച്ച്...
അന്ന് അനുജത്തിയുടെ കഴിവിലുള്ള സന്തോഷത്തെക്കുറിച്ച് ആണ് പറഞ്ഞിരുന്നത് എങ്കിലും അനുജത്തിയേയും കൂട്ടി വന്നപ്പോൾ അവൾ വഞ്ചിച്ചു എന്ന കുറ്റപ്പെടുത്തലുകൾ ആണ് പറഞ്ഞത്. എം ബി എ യ്ക്ക് ദൂരത്തുള്ള കോളേജിലേക്ക് പറഞ്ഞു വിടുമ്പോൾ അവളെ കൊണ്ട് സത്യം ചെയ്യിച്ചിരുന്നു ആരെയും പ്രേമിക്കുകയോ മറ്റു വിഷയങ്ങൾ ഉണ്ടാക്കുകയോ ചെയ്യില്ല എന്ന്. പക്ഷേ ഇപ്പോൾ അവളുടെ ഒരു സീനിയർ വിദ്യാർത്ഥിയെ സ്നേഹിക്കുകയും അവനെ അല്ലാതെ കല്യാണം കഴിക്കുകയില്ല എന്നും പറയുന്നു. ഒത്തിരി നിർബന്ധം പിടിച്ചപ്പോൾ വാപ്പയും രണ്ട് സുഹൃത്തുക്കളും പയ്യന്റെ നാട്ടിൽ പോയി അന്വേഷിച്ചു. ഒരു വിധത്തിലും യോജിക്കുന്ന ബന്ധമായിരുന്നില്ല അത്. രണ്ട് പെൺമക്കൾ മാത്രമുള്ള ഇവരുടെ വാപ്പ മൂന്നു കോടി രൂപ ചെലവിട്ടാണ് വീട് ഉണ്ടാക്കിയത്. ഈ വീടും സ്ഥലവും ഈ പെൺകുട്ടിയുടെ പേരിലാണ്. കൂടാതെ മറ്റൊരു സ്ഥലത്ത് 68 സെന്റ് ഭൂമിയും ഈ കുട്ടിയുടെ പേരിലുണ്ട്. പലപ്പോഴായി വാങ്ങിയ സ്വർണം നൂറു പവനു മുകളിൽ ഉണ്ട്. അല്ലലില്ലാതെ ജീവിച്ചു പോകാനുള്ള സ്ഥിരവരുമാന മാർഗ്ഗങ്ങൾ വേറെയുമുണ്ട്. കാര്യങ്ങളൊക്കെ കേട്ടപ്പോൾ ഈ പെൺകുട്ടിയെ ക്കാൾ ഉപരി അവരുടെ സാമ്പത്തിക ഭദ്രത ആണ് അവന്റെ ലക്ഷ്യം എന്ന് എനിക്കും തോന്നി. മൂന്നു നാല് ദിവസമായി ഭക്ഷണം ഒന്നും കഴിക്കുന്നില്ല എങ്കിലും അത്രമാത്രം ഒരു ക്ഷീണം കുട്ടിയിൽ കണ്ടിരുന്നില്ല. കാരണം നന്നായി ചോക്ലേറ്റ് കഴിക്കുന്നുണ്ട് എന്ന് പിന്നീട് മനസ്സിലായി.
ഉമ്മയോടും ചേട്ടത്തിയോടുമായി ഞാൻ പറഞ്ഞു. " രണ്ടുപേർക്കും അത്രയ്ക്ക് ഇഷ്ടമാണ് എങ്കിൽ അതിനെ ഇല്ലാതാക്കാൻ നിയമം എന്നെയോ നിങ്ങളെ അനുവദിക്കുന്നില്ല. അതുകൊണ്ട് എനിക്ക് ഈ കേസ് ഏറ്റെടുത്ത് മുന്നോട്ട് പോവാൻ പ്രയാസമുണ്ട്. തീർച്ചയായും ഈ പയ്യനുമായി ഞാൻ ഒന്നു സംസാരിക്കാൻ ശ്രമിക്കാം. കാര്യം അതിനു ശേഷം തീരുമാനിക്കാം". കുട്ടിയുമായി സംസാരിച്ചപ്പോൾ അവളുടെ തീരുമാനത്തിൽനിന്ന് ഒരുവിധത്തിലും പിന്തിരിയുക ഇല്ല എന്ന് മനസ്സിലായി. ഇറങ്ങാൻ നേരം പെൺകുട്ടി എന്നോട് പറഞ്ഞു. "സർ എങ്ങനെയെങ്കിലും ഞങ്ങളുടെ കാര്യമൊന്നു നടത്തി തരണം." പയ്യന്റെ നമ്പർ വാങ്ങി വിളിച്ചുവരുത്തി. ഉടനെ തന്നെ അവൻ ഓടി വന്നു. എന്റെ തന്ത്രപരമായ ചോദ്യങ്ങൾക്കു മുമ്പിൽ അവനു പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. അവൻ എന്നോട് സമ്മതിച്ചു. "ഞാനവരുടെ സാമ്പത്തുകൂടി ആഗ്രഹിക്കുന്നുണ്ട്. അതുപോലൊരു വീട് ഒന്നും എനിക്ക് ജീവിതത്തിൽ സ്വപ്നം കാണാൻ പോലും പറ്റുകയില്ല." കാര്യങ്ങളൊക്കെ മനസ്സിലായപ്പോൾ അവനെ പറഞ്ഞു വിട്ടു. അന്നുരാത്രി അവൻ വിളിച്ചു.
സാർ ഞങ്ങളുടെ കാര്യത്തിൽ എന്താണ് ചെയ്യാൻ പോവുന്നത്?" "അവളെക്കാൾ കൂടുതൽ അവരുടെ ധനത്തെ പ്രേമിക്കുന്നത് കൊണ്ടു നിങ്ങളെ സപ്പോർട് ചെയ്യാൻ പറ്റില്ല" എന്ന് പറഞ്ഞു. "സർ ഇതിൽ നിന്നു പിന്തിരിയുകയാണെൽ ഒരു ലക്ഷം രൂപ തരാം..." അവൻ എന്നെ സ്വാധീനിക്കാൻ നോക്കി. പിന്നീട് അവന്റെ സുഹൃത്തുക്കൾ വഴി നല്ല രീതിയിലും ഭീഷണിയിലും പല വിഫല ശ്രമങ്ങളും ഉണ്ടായി. ഒക്കെ തട്ടി മാറ്റി. ഞാൻ വിളിച്ചതനുസരിച്ചു എം ബി എ ക്കാരിയും ഉമ്മയും ജേഷ്ടത്തിയും പിറ്റേ ദിവസം രാവിലെ തന്നെ വന്നു. വളരെ ബുദ്ധിമതിയായ പെൺകുട്ടിയെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ എനിക്കു അധിക സമയം വേണ്ടിവന്നില്ല. നിറകണ്ണുകളോടെ അവൾ സമ്മദപത്രം ഒപ്പിട്ടു തന്നു. എന്നെന്നേക്കുമായി ആ പണക്കൊതിയനെ പെൺകുട്ടിയുടെ നിഷ്കളങ്ക മനസ്സിൽ നിന്നും പിഴുതെറിഞ്ഞു. പിന്നീട് ഇടക്കൊക്കെ അവൾ വിളിക്കുമായിരുന്നു.
രണ്ടാഴ്ച മുമ്പ് വിളിച്ചു അവളുടെ കല്യാണത്തിന് ക്ഷണിച്ചു. കല്യാണം കഴിക്കാൻ പോവുന്ന ആളെ കുറിച്ച് കാര്യങ്ങളൊക്കെ മനസിലാക്കി. എന്ത് കൊണ്ടും ചേരുന്ന വ്യക്തി ആണെന്ന് തോന്നി. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ എല്ലാ വിധ പ്രാർത്ഥനകളും വാക്ക് കൊടുത്തു സ്നേഹപൂർവ്വം ക്ഷണം നിരസിച്ചു.....