റാഗിങ്ങിൽ തകരുമായിരുന്ന ജീവിതം...
ഒരു അത്യാവശ്യ കാര്യത്തിന് കണ്ണൂരിലേക്ക് പോവുകയായിരുന്നു. ഒന്ന് കാണാമെന്നു കരുതി കണ്ണൂർകാരനെയും അറിയിച്ചിരുന്നു. വീട്ടിൽ നിന്ന് പുറപ്പെടുന്നതിനു മുമ്പ് തന്നെ അവൻ ഫോൺ വിളിച്ച് ചോദിച്ചുകൊണ്ടിരുന്നു "സർ എവിടെ എത്തി? " സത്യത്തിൽ ഞാൻ അവനെ അവസാനമായി കണ്ടത് മൂന്നു വർഷങ്ങൾക്ക് മുമ്പാണ്. അവന്റെ കല്യാണത്തിന് നേരിട്ട് വീട്ടിൽ വന്നു ക്ഷണിച്ചിരുന്നെങ്കിലും എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല. അവന്റെ കല്യാണവും ഞാനും അത്രയ്ക്ക് ബന്ധപ്പെട്ടു കിടക്കുന്നു.
ആദ്യമായി കണ്ട സമയം അവൻ കരഞ്ഞു കൊണ്ട് പറഞ്ഞു. "സർ രക്ഷിക്കണം നാട്ടുകാരുടെയും വീട്ടുകാരുടെയും മുമ്പിൽ ഇറങ്ങാൻ പറ്റുന്നില്ല. വീട്ടിലെ കാര്യങ്ങളൊക്കെ ചെയ്യുന്നത് അമ്മയാണെങ്കിലും അമ്മയ്ക്ക് ഇപ്പോൾ ശാരീരിക അവശതകൾ ഉണ്ട്. എനിക്ക് കല്യാണം കഴിക്കാൻ പറ്റുന്നില്ല. എന്താണെന്നറിയില്ല മൂന്നുപ്രാവശ്യം പെണ്ണുകാണാൻ പോയി. പെണ്ണിന്റെ മുമ്പിൽ എത്തുമ്പോൾ എന്റെ ബോധം നശിക്കുകയാണ്." കൂടെയുള്ള സുഹൃത്ത് അവൻ കേൾക്കാതെ എന്നോട് കാര്യങ്ങൾ പറഞ്ഞു തുടങ്ങി അമ്മ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്രിൻസിപ്പാളായി വിരമിച്ചതാണ്. അച്ഛനും സർക്കാർ ജോലിയായിരുന്നു. മൂത്ത സഹോദരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ഗൈനക്കോളജി വിഭാഗം മേധാവിയാണ്. ജ്യേഷ്ഠൻ എം ടെക് കഴിഞ്ഞു ബാംഗ്ലൂരിൽ ഒരു വലിയ എൻജിനീയറിങ് കോളേജിലെ പ്രിൻസിപ്പൽ ആണ്. ഇവനും കളമശ്ശേരി എൻജിനീയറിങ് കോളേജിൽ നിന്നും എഞ്ചിനീയറിംഗ് പാസ്സായി സർക്കാർ ജോലി ലഭിച്ചു. അങ്ങനെ കല്യാണാലോചനകൾ വന്നുതുടങ്ങി. ആദ്യമായി പെണ്ണ് കാണാൻ പോയപ്പോൾ പെണ്ണിന്റെ മുമ്പിൽ ബോധംകെട്ട് പോയി. കുറച്ചു സമയം കഴിഞ്ഞ് നോർമൽ ആയപ്പോഴാണ് അവിടെ നിന്ന് തിരിച്ചു പോന്നത്. രണ്ടാമത് കാണാൻ പോയപ്പോഴും ഇതു തന്നെയായിരുന്നു അവസ്ഥ. രണ്ടുപ്രാവശ്യം ഇതാവർത്തിച്ചപ്പോൾ മൂന്നാമത് ഞങ്ങൾ എല്ലാവരും കൂടി ഒരു നാടകം ക്രിയേറ്റ് ചെയ്തു. ഒരു പെണ്ണുകാണൽ ചടങ്ങ് ഉണ്ടാക്കി. അവിടെയും അവൻ ബോധംകെട്ട് മറിഞ്ഞുവീണു. പിന്നീട് കല്യാണം ആലോചിച്ചിരുന്നില്ല.
എന്താണെന്നറിയില്ല; എല്ലാ ചികിത്സയും ചെയ്ത് പരാജയപ്പെട്ടു." സുഹൃത്തിൽ നിന്നും നേരിട്ടും വീട്ടുകാരിൽ നിന്ന് ഫോണിലൂടെയും കാര്യങ്ങൾ മനസ്സിലാക്കി. പിന്നീട് ഹിപ്നോട്ടിക് നിദ്രക്കു വിധേയമാക്കി കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചു. എൻജിനീയറിങ്ങിന് കളമശ്ശേരി കോളേജിൽ ചേർന്ന സമയം ആണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. നല്ല സാമൂഹിക ചുറ്റുപാടിൽ ജീവിച്ചു വളർന്ന ഇവന് കോളേജ് റാഗിങ്ങിനെ കുറിച്ച് ഒന്നും വേണ്ടത്ര ബോധം ഉണ്ടായിരുന്നില്ല. കോളേജിൽ ചേർന്ന ഉടനെ അവിടെ കണ്ട സുന്ദരിയായ ഒരു പെൺകുട്ടിയോട് നേരിട്ട് കുശലാന്വേഷണം നടത്തി. ഈ പെൺകുട്ടിയെ നോട്ടമിട്ടിരുന്ന സീനിയർ വിദ്യാർത്ഥികൾ ഇതിന്റെ പേരിൽ അവനെ ക്രൂരമായി ആക്രമിച്ചു. പിന്നീട് പെൺകുട്ടികളെ ഒറ്റയ്ക്ക് കാണുമ്പോൾ അവന്റെ മനസ്സിൽ ഈ സംഭവം മിന്നിമറയും. ഒറ്റയ്ക്ക് കാണുന്ന പെൺകുട്ടികളോട് സംസാരിക്കൽ ഉണ്ടായിരുന്നില്ല. ഈയൊരു സംഭവം അവന്റെ മനസ്സിൽ വളർന്നു വരികയും പിന്നീട് പെൺകുട്ടികളെ കാണുമ്പോൾ അവൾക്ക് മറ്റൊരു റിലേഷൻഷിപ്പ് ഉണ്ടാവും എന്ന് മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു. ഇതാണ് പെണ്ണ് കാണുമ്പോൾ ഒരു പക്ഷേ ഇവൾക്ക് വേറെ ആരെങ്കിലും ഉണ്ടാവും; പണ്ടത്തെ അനുഭവം എനിക്ക് ഉണ്ടായാലോ.. എന്ന പേടി അവനെ അബോധാവസ്ഥയിലേക്ക് നയിക്കുകയും ചെയ്തത്.
ആവശ്യമായ രീതിയിൽ ചികിത്സകൾ നൽകിയ ശേഷം അവനോട് പറഞ്ഞു; "ഇനി നീ കല്യാണം കഴിക്കണം; നിന്റെ എല്ലാ പ്രശ്നങ്ങളും അവസാനിച്ചിരിക്കുന്നു." കാര്യങ്ങൾ സുഹൃത്തിനെയും വീട്ടുകാരെയും പറഞ്ഞു ബോധ്യപ്പെടുത്തി. വർഷങ്ങൾക്ക് ശേഷം പെണ്ണുകാണാൻ പോവുന്ന അന്ന് രാവിലെ എന്നെ വിളിച്ചു ചോദിച്ചു "എല്ലാം ഓക്കേ അല്ലേ"? അവനു ആവശ്യമായ ധൈര്യം കൊടുത്തു. പെണ്ണുകാണൽ ചടങ്ങ് ഭംഗിയായി നടന്നു; കല്യാണം ഉറപ്പിച്ചു. എന്നെ നേരിട്ട് ക്ഷണിക്കാൻ വന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ തിരക്ക് കാരണം എനിക്ക് അവന്റെ കല്യാണത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. എങ്കിലും ഒരു ദിവസം ഭാര്യയെയും കൂട്ടി അവൻ എന്നെ കാണാൻ വന്നു. എല്ലാം കൊണ്ടും അവനു ചേരുന്ന നല്ല ഒരു പെൺകുട്ടി. പിന്നീട് എല്ലാ വിശേഷങ്ങളും ഫോണിലൂടെ സംസാരിക്കാറുണ്ടായിരുന്നു. എങ്കിലും നേരിട്ട് കാണാൻ പറ്റിയിരുന്നില്ല. വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ ആഴ്ച അവൻ എന്നെയും കാത്ത് കണ്ണൂരിൽ മണിക്കൂറുകളോളം ഇരുന്നു. കണ്ടമാത്രയിൽ അവൻ എന്നെ കെട്ടിപിടിച്ചു. കൂടെ അവന്റെ ഭാര്യയും ഉണ്ടായിരുന്നു. അവളുടെ കയ്യിലുള്ള വാവ അവന്റെ ഒരു കളർ ഫോട്ടോസ്റ്റാറ്റ് പോലെ.....